america

ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടര്‍ തീരം വിട്ടു

Tiju Kannampally  ,  2019-08-18 10:06:57pmm

വാഷിങ്​ടണ്‍ : യൂറോപ്യന്‍ യൂണിയന്റെ വിലക്കു ലംഘിച്ച്‌ സിറിയയിലേക്ക് എണ്ണ കടത്തുന്നെന്നാരോപിച്ചു ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടര്‍ തീരം വിട്ടു. ജൂലൈ നാല്​ മുതല്‍ പിടിച്ചുവെച്ച കപ്പലിനെ മോചിപ്പിക്കാന്‍ ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ്​ ​ഗ്രേസ്​-വണ്‍ തീരം വിട്ടത്​.

ജിബ്രാള്‍ട്ടര്‍ തീരത്തു നിന്നും കിഴക്കന്‍ മെഡിറ്ററേനിയനിലൂടെ യാത്രതിരിച്ച കപ്പല്‍ ഗ്രീസിലെ കലമാട്ട ലക്ഷ്യം വെച്ചാണ്​ നീങ്ങുന്നതെന്ന്​ മറൈന്‍ ട്രാക്കിങ്​ വൃത്തങ്ങളെ ഉദ്ധരിച്ച്‌​ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്​തു.

 

ജിബ്രാള്‍ട്ടര്‍ കോടതിയുടെ മോചനവ്യവസ്ഥ അനുസരിച്ച്‌ ആഡ്രിയ ഡാരിയ 1 എന്നു പേരു മാറ്റുകയും പാനമയുടെ പതാക താഴ്ത്തുകയും ചെയ്ത കപ്പല്‍ ഇന്ത്യക്കാരായ ജോലിക്കാരോടൊപ്പമാണ് ഗ്രീസിലേക്കു യാത്രതിരിച്ചത്. സിറിയയുടെ തീരത്തേക്കു പോകുകയില്ലെന്നും എണ്ണ സിറിയക്ക്​ കൈമാറുകയില്ലെന്നും ഇറാന്‍ രേഖാമൂലം ഉറപ്പു നല്‍കിയിട്ടുണ്ട്.

 

ഗ്രേസ്​ 1 പിടിച്ചെടുക്കാന്‍ യു.എസ്​ നീതിന്യായ വകുപ്പ്​ അയച്ച വാറണ്ട്​ തള്ളിയാണ്​ ബ്രിട്ടന്‍ കപ്പലിനെ മോചിപ്പിച്ചത്​. ടാങ്കറും അതിലുള്ള എണ്ണയും പിടിച്ചെടുക്കാന്‍ വാഷിങ്ടനിലെ യു.എസ് ഫെഡറല്‍ കോടതിയാണ്​ വെള്ളിയാഴ്ച വാറന്‍റ്​ പുറപ്പെടുവിച്ചത്. എന്നാല്‍ പാനമയില്‍ രജിസ്​റ്റര്‍ ചെയ്ത കപ്പലി​​​​​െന്‍റ രജിസ്ട്രേഷന്‍ ഇറാനിലേക്കു മാറ്റാമെന്നും കപ്പലി​​​​​െന്‍റ ലക്ഷ്യസ്ഥാനം യൂറോപ്യന്‍ യൂനിയന്‍ വിലക്കു ബാധകമാകാത്ത രാജ്യത്തേക്കു മാറ്റാമെന്നും ഇറാന്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന്​ യു.എസ് നിര്‍ദേശമനുസരിച്ച്‌ കപ്പല്‍ പിടിച്ചെടുക്കാനാവില്ലെന്നും കപ്പല്‍ വിട്ടയക്കുകയാണെന്നും ജിബ്രാള്‍ട്ടര്‍ വ്യക്തമാക്കിയിരുന്നു.

 

കപ്പല്‍ വിട്ടുകൊടുക്കാന്‍ ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിട്ടതിനു പിന്നാലെ, പകപോക്കല്‍ നടപടിയെന്നനിലയില്‍ കപ്പലിലെ നാവികര്‍ക്ക് വിസ അനുവദിക്കില്ലെന്ന് യു.എസ് അറിയിച്ചിരുന്നു.



Latest

Copyrights@2016.