india
കൂടുതല്‍ സ്ഥലങ്ങളിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് എയര്‍ ഇന്ത്യ ; നാട്ടിലെത്തിയവര്‍ക്ക് മടങ്ങി പോകാനും അവസരം

ന്യൂഡല്‍ഹി : ലണ്ടന്‍, അമേരിക്ക, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് എയര്‍ ഇന്ത്യ ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് എന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ലണ്ടന്‍, അമേരിക്ക, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് ബുക്കിംഗ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പടെ വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ നല്കുന്ന സൂചന.
വിവിധരാജ്യങ്ങളില്‍ ജോലിയുണ്ടായിരുന്നവര്‍ അവധിക്കായി നാട്ടിലെത്തുകയും അവര്‍ക്ക് തിരികെ പോകാന്‍ സാധിക്കാതെ വരികയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. ഇത്തരത്തിലുള്ളവര്‍ക്ക് യാത്രക്കായി സാഹചര്യം ഒരുക്കണമെന്ന് വിവിധ മലയാളി സംഘടനകള്‍ അടക്കം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖ അടിസ്ഥാനമായിരിക്കും യാത്ര അനുവദിക്കുക.
ഒ.സി.ഐ കാര്‍ഡുള്ള ഇന്ത്യക്കാര്‍ അതുപോലെതന്നെ ആറുമാസത്തിലധികം വിസയുള്ള ഇന്ത്യക്കാര്‍, ഇന്ത്യയില്‍ കുടുങ്ങിപ്പോയിരിക്കുന്ന വിദേശികള്‍ ഇവര്‍ക്കാണ് ബുക്കിംഗിന് അവസരം ഉണ്ടായിരിക്കുക. എന്നാല്‍ പോകുന്ന ആള്‍ക്കാരെ ഏതുരാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യക്കാര്‍ ഇവരെ സ്വീകരിക്കാന്‍ തയ്യാറായിരിക്കണം എന്ന നിബന്ധനയുണ്ട്. ബുക്കിംഗ് ഇന്നലെ രാത്രി ആരംഭിച്ചു. ഗള്‍ഫ് ഉള്‍പ്പടെയുള്ള രാജ്യങ്ങളെ കുറിച്ചുള്ള തീരുമാനം ഇന്നുണ്ടാകുമെന്നാണ് സൂചന.